നിലന്പൂർ: അറിയാനും ആസ്വദിക്കാനും അവസരമൊരുക്കി നിലന്പൂരിൽ ടൂറിസം കോണ്‍ക്ലേവിന് തുടക്കം. കരിന്പുഴയിലെ കെഎഫ്ആർഐ പരിസരത്താണ് "ഇനി നിലന്പൂർ ലോകമറിയട്ടെ’ എന്ന തലക്കെട്ടിൽ കോണ്‍ക്ലേവിന് വർണാഭമായ തുടക്കമായത്. ആദ്യദിന സമ്മേളനം നിലന്പൂർ ടൂറിസം ഫെസ്റ്റ് ചെയർമാൻ പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. നിലന്പൂരിനെ കേരളത്തിനകത്തും പുറത്തും അടയാളപ്പെടുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
നിലന്പൂരിന്റെ സമഗ്ര ടൂറിസം വികസനത്തിനായി ടാറ്റാ കണ്‍സൾട്ടൻസിയെ ചുമതലപ്പെടുത്തി 2013-14 കാലത്ത് തന്നെ ഡിപിആർ തയാറാക്കിയിരുന്നെന്നും എന്നാൽ പിന്നീട് ആ പദ്ധതി നടപ്പാകാതെ പോവുകയാണുണ്ടായതെന്നും ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു.
നിലന്പൂർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ.എ. കരീം, അഡ്വ. ജോസ്മി, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി.സി.മാന്പറ, കെ.വി. രവിശങ്കർ, മുജീബ് ദേവശേരി, വി.എ. കരീം, പാലോളി മെഹബൂബ്, വി. ഉമ്മർകോയ എന്നിവർ പ്രസംഗിച്ചു.
സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച സെഷനിൽ അശോക് കുര്യൻ പഞ്ഞിക്കാരൻ, വിനോദ് ബാലൻ, അജ്മൽ അബ്ദുൾ വഹാബ് എന്നിവർ വിഷയം അവതരിപ്പിച്ചു. നിലന്പൂർ ഗ്രേറ്റർ ഇനീഷ്യേറ്റീവ് സ്ഥാപകൻ കെ.പി. ഷാഹിദ് മോഡറേറ്ററായിരുന്നു.
ഹോം സ്റ്റേകളുടെയും ഫാം ടൂറിസത്തിന്റെയും സാധ്യതകൾ എന്ന വിഷയത്തിൽ നടത്തിയ സെഷനിൽ എൻടിഒ സെക്രട്ടറി കെ.പി. ജനീഷ് മോഡറേറ്ററായിരുന്നു. ഹാറ്റ്സ് പ്രസിഡന്റ് എം.പി. ശിവദത്തൻ, കെജിബി റീജണൽ മാനേജർ പി.ഡി. ജയറാം, ഉത്തരവാദ ടൂറിസം ജില്ലാ കോ-ഓർഡിനേറ്റർ സിബിൻ പോൾ എന്നിവർ പങ്കെടുത്തു.